തിരുവനന്തപുരം: പേട്ട മാര്‍ക്കറ്റ് ജംഗ്ഷനിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പാറശാല പ്ലാമൂട്ടുകട ചെമ്മണ്‍വിള പുത്തന്‍വീട്ടില്‍ ശരത്ത് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 12നായിരുന്നു സംഭവം. ശരത്തും സുഹൃത്തായ സിവിനും യമഹ ആര്15 ബൈക്കില്‍ പേട്ടയില്‍ നിന്ന് ആനയറയിലേക്ക് പോകുന്ന യൂടേണ്‍ ഭാഗത്ത് തിരിയുന്നതിനായി നില്‍ക്കുകയായിരുന്നു.
ഇതിനിടെ പിറകില്‍നിന്നു വന്ന യുവാവ് ഓടിച്ചിരുന്ന ബൈക്ക് അമിതവേഗത്തിലെത്തി സുഹൃത്തുക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകില്‍ ഇടിക്കുകയായിരുന്നു. സിവിന് ആണ് ബൈക്ക് ഓടിച്ചിരുന്നത്. പിറകിലിരുന്ന ശരത്ത് ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണാണ് മരിച്ചത്.
പേട്ട പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ സിവിന്റെ കൈകള്‍ക്കും വാരിയെല്ലിനും പൊട്ടലുണ്ട്. ഇയാൾ ആശുപത്രിയില്‍ ചികിത്സയിലാണ്. പിറകേവന്ന ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്നും നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നുവെന്നും പേട്ട എസ്ഐ പറഞ്ഞു.